നക്ഷത്ര തുല്യരാം സ്വഹാബാക്കൾ
101 സ്വഹാബാ ചരിത്രം
*✿••••••••••••••••••••••••••••••••••••••••✿
06📌 സഅ്ദ് ബ്നു അബീ വഖാസ് (റ)
Part : 00. 【മുഖവുര】
ആദ്യകാലങ്ങളിൽ ഇസ്ലാമാശ്ലേഷിച്ച സ്വഹാബി വര്യന്. സ്വര്‍ഗംകൊണ്ട് പ്രവാചകൻ ﷺ സന്തോഷ വാര്‍ത്ത നല്കിയ പത്തുപേരില്‍ ഒരാള്‍.
പതിനേഴു വയസ്സുള്ളപ്പോള്‍ ഇസ്ലാമിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട് ഒരു സ്വപ്ന ദര്‍ശനമുണ്ടാവുകയും ഇസ്ലാമാശ്ലേഷിക്കുകയും ചെയ്തു. കുപിതയായ മാതാവ് മകനെ അതില്‍ നിന്നു വിലക്കിയെങ്കിലും അദ്ദേഹം തയ്യാറായില്ല.
ഒടുവില്‍, സഅ്ദ് (റ) ഇസ്ലാമിനെ കൈവെടിയുന്നതുവരെ ഭക്ഷണം കഴിക്കില്ലായെന്ന് ഉമ്മ ശപഥം ചെയ്തു. സഅ്ദ് (റ) ഇസ്ലാമിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ദൈനംദിനം ഉമ്മയുടെ അവസ്ഥ ശോഷിച്ചു. ഉമ്മയുടെ അവസ്ഥ കണ്ടെങ്കിലും പുതിയ മതത്തില്‍നിന്ന് പിന്മാറാന് ആളുകള്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു.
സത്യമതം കൈവിടാൻ തയ്യാറാവാതിരുന്ന അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ഉമ്മാ, അങ്ങേക്ക് ആയിരം ശരീരമുണ്ടാവുകയും അവയോരോന്നും എന്റെ മുമ്പില്‍ പിടഞ്ഞു പിടഞ്ഞു മരിക്കുകയും ചെയ്താലും ശരി, ഞാന്‍ ഈ സത്യമതത്തില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ല.” ഇതു കേട്ട ഉമ്മ മകന്റെ വിശ്വാസത്തിന്റെ ആഴം തിരിച്ചറിയുകയും തന്റെ തീരുമാനത്തില്‍നിന്നും പിന്‍വാങ്ങുകയുമായിരുന്നു.
മക്കയില്‍ പ്രവാചകരോടൊപ്പം ജീവിച്ചു. ശേഷം, മദീനയിലേക്കു ഹിജ്റ പോയി. ഇസ്ലാമിന്റെ പ്രതിരോധ സമരങ്ങളില്‍ എന്നും മുൻപന്തിയിലുണ്ടായിരുന്നു. ഇസ്ലാമില്‍ ആദ്യമായി അമ്പെയ്ത്ത് നടത്തുകയും യുദ്ധമേഖലയില്‍ അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
മദീനയിലെത്തിയ പ്രവാചകൻ ﷺ ആദ്യമായി ജുഹ്ഫയുടെ ഭാഗത്ത് സ്ഥിതിചെയ്യുന്ന സാബിഗ് എന്ന പ്രദേശത്തേക്ക് യുദ്ധാവശ്യാര്‍ത്ഥം (സരിയ്യത്ത്) ചില സ്വഹാബികളെ പറഞ്ഞയച്ചിരുന്നു. കൂട്ടത്തില്‍ അമ്പെയ്ത്ത് കൈകാര്യം ചെയ്തിരുന്നത് സഅ്ദാണ് (റ).
ഉഹ്ദ് യുദ്ധത്തിൽ പോര്‍ക്കളത്തിനടുത്ത് മലമുകളില്‍ പ്രവാചകന് ﷺ അമ്പത് അമ്പെയ്ത്തുകാരെ നിര്‍ത്തുകയുണ്ടായി. അവരുടെ നേതൃത്വവും സഅ്ദ് ബിന്‍ അബീ വഖാസ് (റ)വിന്റെ കരങ്ങളിലായിരുന്നു. പ്രവാചകരോട് (ﷺ) വളരെ സഹവാസത്തില്‍ ജീവിച്ച അദ്ദേഹം പ്രവാചകരുടെ (ﷺ) സ്നേഹം പിടിച്ചുപറ്റി.
Part : 01
നബിﷺയുടെ മാതാവായ ആമിന ബീവി (റ) യുടെ പിതൃവ്യൻ ഉഹൈബ്, സഅദ് (റ)വിന്റെ പിതാമഹനായിരുന്നു. നബി ﷺ അദ്ദേഹത്തെ അമ്മാവൻ എന്ന് വിളിക്കാറുണ്ടായിരുന്നു.
തന്റെ പതിനേഴാമത്തെ വയസ്സിലാണ് സഅദ് (റ) ഇസ്ലാം സ്വീകരിച്ചത്. ഇസ്ലാമിലെ മൂന്നാമത്തെ അംഗമായിരുന്ന അദ്ദേഹം വലിയ അസ്ത്രനിപുണനും അറബികളിലെ എണ്ണപ്പെട്ട യോദ്ധാവുമായിരുന്നു.
ഉന്നം പിഴക്കാത്ത രണ്ട് ആയുധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ പ്രാർത്ഥനയും, മറ്റൊന്ന് അസ്ത്രവും.
നബി ﷺ അദ്ദേഹത്തിനുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു: “അല്ലാഹുവേ, സഅദിന്റെ (റ) അസ്ത്രം നീ കുറിക്കു കൊള്ളിക്കുകയും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യേണമേ.”
ആമിറുബ്നു സഅദ് (റ) പറയുന്നു: ഒരിക്കൽ ഒരാൾ അലി (റ), ത്വൽഹത്ത് (റ), സുബൈർ (റ) എന്നിവരെ അസഭ്യം പറയുന്നത് സഅദ് (റ) കേട്ടു. അങ്ങനെ പറയരുതെന്ന് അയാളെ സഅദ് (റ) ഉപദേശിച്ചു. അയാൾ അത് കൂട്ടാക്കിയില്ല.
സഅദ് (റ) പറഞ്ഞു: “ഞാൻ നിനക്കെതിരിൽ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കും.” അത് കേട്ടപ്പോൾ അയാൾ സഅദ് (റ) യെ പരിഹസിക്കുകയാണ് ചെയ്തത്. “ഭീഷണി കേട്ടാൽ ഒരു പ്രവാചകനെ പോലെയുണ്ടല്ലോ..!"
സഅദ് (റ) രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു: “നാഥാ, നിന്റെ സൽവൃത്തരായ ഇഷ്ടജനങ്ങളെ ഈ മനുഷ്യൻ അസഭ്യം പറഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലം നീ നൽകേണമേ...”
നിമിഷങ്ങൾക്ക് ശേഷം കലിതുള്ളിക്കൊണ്ട് ഒരു ഒട്ടകം ആൾക്കൂട്ടത്തിലേക്ക് ഓടിവന്നു. ആ മനുഷ്യനെ തിരഞ്ഞു പിടിച്ചു കടിച്ചു കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു ﷻ സ്വീകരിച്ചു.
part : 02
സഅദ് (റ) ധർമ്മിഷ്ഠനായ ഒരു സമ്പന്നനായിരുന്നു. തന്റെ സമ്പത്തിൽ സംശയാസ്പദമായ ധനം (ശുബ്ഹത്ത്) വന്നു കൂടുന്നത് അദ്ദേഹം വളരെ ശ്രദ്ധിച്ചു.
ഹജ്ജത്തുൽ വിദാഇന്റെ ഘട്ടത്തിൽ സഅദ് (റ) രോഗശയ്യയിലായിരുന്നു. നബി ﷺ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം നബിﷺയോട് ചോദിച്ചു:
“നബിയേ, എനിക്ക് ധാരാളം സമ്പത്തുണ്ട്. അനന്തരാവകാശിയായി
ഒരു പുത്രി മാത്രമേയുള്ളു. (പിന്നീട് അദ്ദേഹത്തിന് സന്താനങ്ങൾ വേറെയുമുണ്ടായി) ഞാൻ എന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ധർമ്മം ചെയ്യട്ടെ..?"
നബി ﷺ പറഞ്ഞു: “അതുവേണ്ട”
സഅദ് (റ): “പകുതി ഭാഗമോ..?”
അതിനും നബി ﷺ അനുവദിച്ചില്ല. മുന്നിലൊരു ഭാഗം ധർമ്മം ചെയ്യാൻ അദ്ദേഹത്തിന് അനുവാദം നൽകി. പിന്നീട് നബി ﷺ പറഞ്ഞു: "അത് തന്നെ ധാരാളമാണ്. നിന്റെ അനന്തരാവകാശികളെ ദരിദ്രരാക്കി ഉപേക്ഷിക്കുന്നതിനേക്കാൾ നിനക്കുത്തമം സമ്പന്നരാക്കി വിടുന്നതാണ്."
അല്ലാഹുﷻവിന്റെ പ്രതിഫലം കാംക്ഷിച്ച് നിന്റെ ബന്ധുക്കൾക്ക് നീ നൽകുന്ന ഭക്ഷണത്തിനുപോലും അല്ലാഹു ﷻ വിൽ നിന്ന് പ്രതിഫലം കിട്ടും. നിന്റെ പ്രിയതമയുടെ വായിൽ ഇട്ടുകൊടുക്കുന്ന ഉരുളക്ക് പോലും...
ഒരിക്കൽ അനുയായികളോടുകൂടെ ഇരിക്കുകയായിരുന്ന നബി ﷺ പറഞ്ഞു:
“ഈ സദസ്സിലേക്ക് സ്വർഗ്ഗാവകാശിയായ ഒരാൾ കയറിവരാൻ പോകുന്നുണ്ട്...”
ആ സൗഭാഗ്യവാൻ ആരാണെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.
സഅദ്ബ്നു അബീവഖാസ് (റ) സദസ്സിലേക്ക് കയറിവന്നു..!!
അബ്ദുല്ലാഹിബ്നു അംറ് (റ) ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു:
“ഈ മഹത്തായ പദവിക്കർഹനാവാൻ മാത്രം നിങ്ങൾ അനുഷ്ഠിക്കുന്ന ഇബാദത്ത് എന്തെല്ലാമാണ്..?”
അദ്ദേഹം പറഞ്ഞു: “സാധാരണയിൽ കവിഞ്ഞ് ഞാനൊരു സൽകർമ്മവും ചെയ്യാറില്ല. എങ്കിലും ഒരാളോടും ഞാൻ ഇതുവരെ ഉൾപകയും വിദ്വോഷവും വെച്ചുപുലർത്തിയിട്ടില്ല.''
Part : 03
സഅദ് (റ) വിന്റെ ഈമാൻ ഉരുക്കുപോലെ ഉറപ്പുള്ളതായിരുന്നു.
അദ്ദേഹം ഇസ്ലാമാശ്ലേഷിച്ചതറിഞ്ഞ മാതാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പലതും ചെയ്തു നോക്കി. പരാജയപ്പെട്ട ആ മാതാവ് അവസാനം നിരാഹാരസമരത്തിനാണ് മുതിർന്നത്.
സഅദ് (റ) തന്റെ പിതാമഹൻമാരുടെ ആചാരത്തിലേക്ക് മടങ്ങിയാലല്ലാതെ താൻ ജീവിക്കുകയില്ലെന്ന് ആ മാതാവ് ശാഠ്യം പിടിച്ചു . ഭക്ഷണം കഴിക്കാതെ അവശയായി.
സഅദ് (റ) മാതാവിനോട് പറഞ്ഞു: “ഉമ്മാ, നിങ്ങൾക്ക് നൂറ് ആത്മാവുകൾ ഉണ്ടാവുകയും അവ ഓരോന്നോരോന്നായി നിങ്ങളുടെ ശരീരത്തിൽ നിന്ന് പറന്നകലുന്നത് ഞാൻ കാണുകയും ചെയ്താലും ശരി, ഈ വിശ്വാസത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ നിങ്ങൾക്ക്
സാധ്യമല്ല. നിങ്ങൾക്ക് വേണമെങ്കിൽ ഭക്ഷണം കഴിക്കാം!.”
മകനെ പിന്തിരിപ്പിക്കാൻ സാധ്യമല്ലെന്ന് മനസ്സിലാക്കിയ മാതാവ് തന്റെ വാശി കൈവെടിയുകയാണുണ്ടായത്...
അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തെ
ശ്ലാഘിച്ചുകൊണ്ട് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു: “നിനക്ക് അജ്ഞാതമായതിനെ എന്നിൽ പങ്കുചേർക്കണമെന്ന് അവർ രണ്ടുപേരും (മാതാവും പിതാവും) നിന്നെ നിർബന്ധിച്ചാൽ അക്കാര്യത്തിൽ നീ അവരെ അനുസരിക്കേണ്ടതില്ല.”
സഅദ്(റ) പേർഷ്യയിലേക്ക് സൈന്യനായകനായി നിയോഗിക്കപ്പെട്ടു. ഖലീഫ ഉമർ (റ) സൈന്യത്തെ തയ്യാറാക്കി നിർത്തിയശേഷം സഅദ്(റ)വിനെ ഉപദേശിച്ചു:
“സഅദേ, അങ്ങ് നബിﷺയുടെ അമ്മാവനും സ്നേഹിതനുമാണെന്ന ഭാവം നടിക്കരുത്, അല്ലാഹു ﷻ വിന്റെ പക്കൽ കുടുംബബന്ധത്തിന് വിലയില്ല. ആരാധനയ്ക്കും തഖ് വക്കുമാണിവിടെ വിലയുള്ളത്. ഉന്നതകുലജാതനും നീചനും അവിടെ സമൻമാരാണ്. മനുഷ്യരെല്ലാം അല്ലാഹു ﷻ വിന്റെ അടിമകളും അല്ലാഹു ﷻ അവരുടെ രക്ഷിതാവുമാകുന്നു. അതുകൊണ്ട് നബി ﷺ നമ്മിലേക്ക് നിയുക്തനായതു മുതൽ നമ്മോട് യാത്രപറയുന്നത് വരെ അനുവർത്തിച്ച കാര്യങ്ങൾ നീ പിന്തുടരുക. നീ സമരമുഖത്ത് ചെന്നിറങ്ങിയാൽ ശത്രുക്കളുടെ സ്ഥിതിഗതികളെല്ലാം, നോക്കിക്കാണുന്നത് പോലെ വ്യക്തമായ രൂപത്തിൽ എനിക്കെഴുതിയറിയിക്കുകയും ചെയ്യുക.''
മുസ്ലിം സൈന്യം ഖാദിസിയായിലേക്ക് പുറപ്പെട്ടു. മുസ്ലിംകൾ ഒരിക്കലും നേരിട്ടിട്ടില്ലാത്ത അത്രയും വലിയ സന്നാഹങ്ങളോടുകൂടി രണശൂരനായ റുസ്തം ഒരു ലക്ഷം സൈനികരുമായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
മുസ്ലിം സൈന്യത്തിൽ നിന്ന് ഒരു നിവേദകസംഘം റുസ്തമിനെ സമീപിച്ചു. അദ്ദേഹത്തോട് പറഞ്ഞു: “ജനങ്ങളെ വിഗ്രഹാരാധനയിൽ നിന്ന് തൗഹീദിലേക്കും സ്വേച്ഛാധിപത്യത്തിന്റെ അക്രമങ്ങളിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും ക്ഷണിക്കാൻ അല്ലാഹു ﷻ ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. ഇത് നിങ്ങൾ സ്വീകരിച്ചാൽ നമുക്ക് രണ്ട് വിഭാഗത്തിനും നല്ലത്. അല്ലാത്ത പക്ഷം അല്ലാഹു ﷻ വിന്റെ വാഗ്ദത്തം പ്രാപിക്കുന്നത് വരെ ഞങ്ങൾ യുദ്ധം ചെയ്യും.''
റുസ്തം ചോദിച്ചു: “അല്ലാഹു ﷻ നിങ്ങളോട് എന്ത് വാഗ്ദത്തമാണ്
ചെയ്തിരിക്കുന്നത്..?”
അവർ പറഞ്ഞു: “ഞങ്ങളിൽ രക്തസാക്ഷിയാകുന്നവർക്ക് സ്വർഗ്ഗവും അവശേഷിക്കുന്നവർക്ക് വിജയവും.”
റുസ്തം അവരുടെ ക്ഷണം സ്വീകരിച്ചില്ല. നിവേദക സംഘം മടങ്ങിപ്പോന്നു.
Part : 04
ശരീരം മുഴുവനും വ്രണം നിറഞ്ഞു അസഹ്യമായ വേദനയനുഭവിക്കുകയായിരുന്നു അപ്പോൾ സഅദ് (റ). അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി.
“എന്റെ സത് വൃത്തരായ അടിമകൾ ഭൂമിയിലെ ഭരണാധികാരം അനന്തരമാക്കുമെന്ന്, ഉപദേശങ്ങൾക്കുശേഷം സബൂറിൽ നാം വ്യക്തമാക്കിയിരിക്കുന്നു'' എന്ന പരിശുദ്ധ സൂക്തം ഓതിക്കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗമാരംഭിച്ചത്. അനന്തരം അവർ ഒന്നായി ളുഹർ നിസ്കരിച്ചു.
തക്ബീർ ധ്വനികളോടെ യുദ്ധക്കളത്തിലേക്ക് കുതിച്ചു. ചരിത്രപ്രസിദ്ധനായ റുസ്തമിന്റെ സൈന്യം ഘോരമായ ഒരു യുദ്ധത്തിന് ശേഷം പരാജയപ്പെട്ടു. റുസ്തം വധിക്കപ്പെട്ടു. മുസ്ലിം സൈന്യം കിസ്റയുടെ കൊട്ടാരത്തിൽ പ്രവേശിച്ചു. പേർഷ്യ മുസ്ലിംകൾക്ക് കീഴടങ്ങി.
ഖാദിസിയയിൽ പരാജയമടഞ്ഞ പേർഷ്യൻ സൈന്യം മദാഇനിൽ കരുത്താർജ്ജിക്കുന്ന വിവരം സഅദ് (റ) അറിഞ്ഞു. സഅദ് (റ) മദാഇനിലേക്ക് പുറപ്പെട്ടു. നിറഞ്ഞൊഴുകുന്ന ടൈഗ്രീസ്
നദി മറുകര കടന്നിട്ടുവേണം മദാഇനിലെത്താൻ. അപകടം പിടിച്ച ഒരു സാഹസമായിരുന്നു അത്.
സഅദ് (റ) തന്റെ സൈനികരിൽ നിന്ന് രണ്ടു സംഘത്തെ തിരഞ്ഞെടുത്തു. ആസിമുബ്നു അംറ്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന് 'കതീബത്തുൽ അഹ്വാൽ ' (ഭീകരസംഘം) എന്നും ഖഅ്ഖാഉബ്നു അംറിന്റെ കീഴിലുള്ള രണ്ടാമത്തെ സംഘത്തിന് 'കതീബത്തുൽ ഖർസാഅ്' (നിശ്ശബ്ദ സംഘം) എന്നും പേർ നൽകി.
ഈ രണ്ട് സംഘവും തങ്ങളുടെ പിന്നിലുള്ള സൈന്യത്തിന് വഴിയൊരുക്കിക്കൊണ്ട് ആദ്യം നദിയിലിറങ്ങി. ടൈഗ്രീസ് നദി അല്ലാഹുﷻവിന്റെ പ്രിയങ്കരന്മാരായ ആ അടിമകൾക്ക് കീഴ്പ്പെട്ടു! ഒരാൾക്കു പോലും അപകടം പിണയാതെ അവർ മറു കരപറ്റി.
നദി കടന്നശേഷം അത്ഭുതപരതന്ത്രനായി, സന്തോഷാതിരേകത്താൽ
സൽമാനുൽ ഫാരിസി (റ) കൈ അടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു: “ഇസ്ലാം പുതുപുത്തനാകുന്നു. അവർക്ക് കരയും കടലും കീഴ്പ്പെട്ടിരിക്കുന്നു. കൂട്ടം കൂട്ടമായ് അവർ ടൈഗ്രീസിൽ ഇറങ്ങി. ഒരാളും നഷ്ടപ്പെടാതെ മറുകര പറ്റുകയും ചെയ്തിരിക്കുന്നു.” സഅദ് (റ) മദാഇനിൽ വിജയം കൈവരിച്ചു.
Part : 05 【അവസാനം】
യൂഫ്രട്ടീസ് നദിയുടെ തീരത്ത് ക്രിസ്താബ്ദം 638-ൽ ചരിത്ര പ്രസിദ്ധമായ കൂഫാ പട്ടണത്തിന് അടിത്തറ പാകിയത് അദ്ദേഹമായിരുന്നു.
ഉമർ(റ) അക്രമിക്കപ്പെട്ടപ്പോൾ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയമിച്ച സമിതിയിൽ സഅദ് (റ) അംഗമായിരുന്നു.
അദ്ദേഹം ദീർഘകാലം ജീവിച്ചു. മുസ്ലിം ലോകത്ത് അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം ഒരു കക്ഷിയിലും ചേരാതെ നിഷ്പക്ഷത പാലിക്കുകയാണ് ചെയ്തത്.
ഇസ്ലാമികാന്തരീക്ഷം മുആവിയ(റ)വിന് അനുകൂലമായി തെളിഞ്ഞ ശേഷം ഒരിക്കൽ മുആവിയ (റ) അദ്ദേഹത്തോട് ചോദിച്ചു: “സത്യവിശ്വാസികളായ രണ്ടു വിഭാഗം തമ്മിൽ ശണ്ഠകുടിയാൽ അവരെ യോജിപ്പിക്കാൻ ശ്രമിക്കണമെന്നും അനുസരണക്കേട് കാണിക്കുന്നവരെ, മറുവിഭാഗത്തോട് സഹകരിച്ച് പരാജയപ്പെടുത്തണമെന്നുമാണല്ലോ അല്ലാഹു ﷻ പറഞ്ഞിരിക്കുന്നത്. താങ്കൾ ഒരു വിഭാഗത്തോടും സഹകരിക്കാത്തത് എന്തുകൊണ്ട്..?”
സഅദ് (റ) പറഞ്ഞു: “അലി(റ)വിനോട് ഞാൻ യുദ്ധം ചെയ്യുകയോ? അദ്ദേഹത്തെക്കുറിച്ച് നബി ﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു: “മൂസാ നബി(അ)ന് ഹാറൂൻ നബി (അ) എങ്ങനെയാണോ അത് പോലെയാണ് എന്നെ സംബന്ധിച്ചിടത്തോളം അലി(റ).”
ഹിജ്റ 54: എൺപതു തികഞ്ഞ സഅദ് (റ) തന്റെ പുത്രന്റെ മടിയിൽ തലവെച്ചുകൊണ്ടു അന്ത്യയാത്രക്കൊരുങ്ങി. ഓമനപുത്രന്റെ കണ്ണുനീർ കണ്ടു വൽസലനായ പിതാവ് ചോദിച്ചു:
“കുഞ്ഞേ, നീ എന്തിനു കരയുന്നു..? അല്ലാഹു ﷻ എന്നെ ഒരിക്കലും ശിക്ഷിക്കുകയില്ല. ഞാൻ സ്വർഗ്ഗാവകാശിയാണെന്ന് നബി ﷺ എന്നോട് പറഞ്ഞിട്ടുണ്ട്. മോനെ, ആ പെട്ടിയിൽ ഒരു പഴയ തുണിയുണ്ട്. അതെടുത്ത് എന്നെ കഫൻ ചെയ്യണം. അത് ഞാൻ ബദർരണാങ്കണത്തിൽ അണിഞ്ഞ വസ്ത്രമാണ്.”
ആ പഴകിയ വസ്ത്രത്തിൽ മദീനയിലെ അവസാനത്തെ മുഹാജിറിന്റെ പരിശുദ്ധ ജഡം ബഖീഇലെ ശ്മശാനത്തിൽ മറവുചെയ്യപ്പെട്ടു.
സഅ്ദ് ബ്നു അബീ വഖാസ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
സഅ്ദ് ബ്നു അബീ വഖാസ് (റ)വിനും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
*【 സഅ്ദ് ബ്നു അബീ വഖാസ് (റ)വിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നു.】*
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
Post a Comment
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.