കഥ പറയൽ | നബിദിന പ്രോഗ്രാം | സബ് ജൂനിയർ വിഭാഗം

Madrasa Guide
കഥക്കൊപ്പം വരിയും ▸ സമ്മാനം 100 ഒട്ടകങ്ങൾ

    പ്രിയപ്പെട്ട കൂട്ടുകാരെ,

    മുത്ത് നബിയുടെ പേരിൽ ഒരുമിച്ചു കൂടിയ പ്രൗഢമായ ഈ വേദിയിൽ നിങ്ങൾക്ക് ഒരു കഥ പറഞ്ഞുതന്നാലോ. ശ്രദ്ധിച്ചു കേൾക്കണേ...എന്നാൽ ഞാൻ തുടങ്ങട്ടെ

    പ്രശസ്‌തമായ കഅ്ബാ ശരീഫ് നിലകൊള്ളുന്ന നാടാണല്ലോ മക്ക.ഇന്ന് ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ആളുകൾ അങ്ങോട്ട് ഒഴുകുന്നുണ്ട്. പക്ഷേ ഒരുകാലത്ത് ബിംബങ്ങളുടെ ഒരു നീണ്ടനിരതന്നെ കഅ്ബാലയത്തിലുണ്ടായിരുന്നത്രെ. ആ കാലഘട്ടത്തിലേക്കാണ് മുത്ത് നബി(സ) നിയോഗിതനായത്. സ്വലാത്ത് ഉറക്കെ ചൊല്ലിൻ കൂട്ടരേ നബിയുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാത്തവനാണ് ലോകത്തിലെ ഏറ്റവും വലിയ പിശുക്കനെന്ന് ഞാൻ കഴിഞ്ഞകൊല്ലം പറഞ്ഞത് നിങ്ങൾ മറന്നോ ...നിഷ്കളങ്ക മനസ്സിന് ഉടമയായിട്ടും നബിതങ്ങളെ മുശ് രിക്കീങ്ങൾ അക്രമിക്കുകയായിരുന്നു. സത്യദീനിലേക്ക് ആളുകളെ ക്ഷണിച്ചതിനാണ് നബി(സ) തങ്ങൾ ഈ ഒരുപാട് പീഡനങ്ങളൊക്കെ സഹിക്കേണ്ടി വന്നത്. ഒടുവിൽ പീഡനം സഹിക്കവയ്യാതെ നബിതങ്ങളും സ്നേഹിതൻ അബൂബക്കർ സിദ്ധീഖ് (റ) വും മദീനയിലേക്ക് യാത്ര തിരിച്ചു. ഇതറിഞ്ഞ മുശ് രിക്കീങ്ങൾങ്ങൾക്ക് ഹാലിളകി.നബി തങ്ങൾ രക്ഷപ്പെട്ട വിവരം അറിഞ്ഞ പാടെ വീരശൂരപരാക്രമിയായ അബൂജഹൽ ഉറക്കെ വിളിച്ചുപറഞ്ഞു: 'മുഹമ്മദിൻ്റെ തല കൊണ്ടുവരാൻ ധൈര്യമുള്ളവർ ആരാണ്?? അവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിക്കുകയാണ്.' ഇതുകേട്ട് മുശ്രിക്കുകൾ നാലുപാടും നബിയെ തിരക്കിയോടി. 'നൂറ് ഒട്ടകമോ.. ഞാനൊരു കോടീശ്വരൻ ആകുമല്ലോ' ബനൂ മുദ് ലജ് ഗോത്രക്കാരനായ സുറാഖതുബ്നു‌ മാലികിൻ്റെ മനസ്സിൽ ചില മോഹങ്ങൾ ഉദിച്ചു.ഉടനെ തൻ്റെ കുന്തവുമെടുത്ത് കുതിരപ്പുറത്തു കയറി നബിയെ തിരഞ്ഞ് പുറപ്പെട്ടു. കുറച്ച് ദൂരം സഞ്ചരിച്ചതെയുള്ളൂ... മുന്നിലതാ രണ്ട് പേർ. സുറാഖ സൂക്ഷിച്ച് നോക്കി.അതെ...അതവർ തന്നെ തനിക്ക് നൂറ് ഒട്ടകം സമ്മാനം കിട്ടുന്നതും താൻ കോടീശ്വരനാകുന്നതും സ്വ‌പ്നം കണ്ട് അയാൾ മൂന്നോട്ട് കുതിച്ചു. കുട്ടുകാരെ പെട്ടെന്നല്ലേ... അത് സംഭവിച്ചത് സുറാഖയുടെ കുതിര കാലിടറി വീണു. നബിയും അബൂബക്കർ(റ) അപ്പോയേക്കും ഒരുപാട് ദൂരം പിന്നിട്ടിരുന്നു. സമ്മാനം അതിയായി ആഗ്രഹിച്ച സുറാഖ കുതിരയെ എഴുന്നേൽപ്പിച്ചു വീണ്ടും അവരെ പിന്തുടർന്നു. നബി(സ) അപ്പോഴും ഖുർആൻ പാരായണം ചെയ്യുന്നത് സുറാഖ കേട്ടു. അരിശം പൂണ്ട സുറാഖ മുന്നോട്ട് കുതിച്ചു. നബിയുടെ അടുത്തെത്തി അപ്പോയല്ലേ രസം കുതിരയുടെ മുൻകാലുകൾ മുട്ടു വരെ ഭൂമിയിൽ ആണ്ടുപോയിരിക്കുന്നു. കുതിരയെ എഴുന്നേൽപ്പിച്ചെങ്കിലും കാലുകൾ പുറത്തെടുക്കാൻ സാധിച്ചില്ല. ആകെ അങ്കലാപ്പിലായ സുറാഖ തന്റെ ദുരുദ്ദേശത്തിൽ നിന്നും പിൻമാറി അയാൾ നബിയോട് കേണപേക്ഷിച്ചു. തന്നെ കൊല്ലാൻ വന്ന സുറാഖക്ക് നബി മാപ്പ് നൽകി. കുതിരയുടെ കാലുകൾ പൂർവ്വ സ്ഥിതിയിലായി. ഇനിയല്ലേ രസം ഈ നന്മ യിൽ ആകൃഷ്ടനായ സുറാഖ ഇസ്ലാം മതം സ്വീകരിച്ചു നബി (സ) യുടെ അനുയായിയായി.

    കൂട്ടുകാരെ എങ്ങനെയുണ്ട് കഥ. നബി (സ)യുടെ മഹത്വം ഇതിലൂടെ നിങ്ങൾക്ക് മനസ്സിലായില്ലേ അതോടൊപ്പം നന്മ ഏതൊരാളെയും ആകർഷിക്കുമെന്നും മനസ്സിലായില്ലേ മുത്ത് നബിയെ സ്നേഹിച്ചു കൊണ്ട് നന്മയിലായി ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

    ഞാൻ പോവാ കൂട്ടരേ..ഇന്ഷാ അല്ലാഹ് അടുത്ത കൊല്ലം കാണാം.

    അസ്സലാമു അലൈക്കും

    Vocal : Anas Zuhri
    Channel ID : @madrasaguidemalayalam

Post a Comment

Join the conversation